ശിവചൈതന്യ പ്രഭയില്‍ വേളോര്‍വട്ടം മഹാദേവ ക്ഷേത്രം

velorvattom-templeആലപ്പുഴ ജില്ലയിലെ ചേര്‍ത്തല നഗരത്തില്‍ നിന്നും 2.5 കിലോമീറ്റര്‍ പടിഞ്ഞാറു മാറിയാണ് വേളോര്‍വട്ടം മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രണ്ടു നാലമ്പലങ്ങളും രണ്ടു കൊടിമര പ്രതിഷ്ഠകളും ഉള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് വേളോര്‍വട്ടം ശിവക്ഷേത്രം. തെക്കനപ്പന്‍ വടക്കനപ്പന്‍ എന്നിങ്ങനെ അറിയപ്പെടുന്ന രണ്ടു ശിവ പ്രതിഷ്ഠകള്‍. വടക്കനപ്പന് വട്ടശ്രീകോവിലും തെക്കനപ്പനു ചതുര ശ്രീകോവിലും. നിവേദ്യം ഇരുവര്‍ക്കും ഒരുപോലെയണന്നിരിക്കിലും പ്രാധാന്യം തെക്കനപ്പനാണ്. വില്വമംഗലം സ്വാമിയാരാണ് വടക്കനപ്പന്റെ പ്രതിഷ്ഠ നടത്തിയതെന്നും പറയപ്പെടുന്നു. സ്വയംഭൂവാണ്, തെക്കനപ്പനെന്നാണ് വിശ്വാസം. നിലവില്‍ കേരള ഊരാഴ്മ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം പണ്ട് ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ക്കായിരുന്നു. ഒരിക്കല്‍ ഗൃഹനാഥനായ തമ്പ്രാക്കള്‍ ഒരു സംക്രമത്തിനു വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായ് പോവുകയുണ്ടായി. എന്നാല്‍ അമ്പല സന്നിധില്‍ എത്തിച്ചേരാന്‍ വൈകിയതു കാരണം ദര്‍ശനഭാഗ്യം സിദ്ധിച്ചില്ല. നിരാശയോടെ വേളോര്‍വട്ടത്തെ കോവിലകത്തു മടങ്ങിയെത്തിയ തമ്പ്രാക്കള്‍ ആ ദിവസം പ്രാര്‍ത്ഥനയും ഉപവാസവുമായി കഴിച്ചു കൂട്ടി. പിറ്റേ ദിവസം രാവിലെ ക്ഷേത്രത്തിലെ ഹോമാകുണ്ഡത്തില്‍ സ്വയംഭൂവായി വൈക്കത്തപ്പന്‍, തമ്പ്രാക്കള്‍ക്കു ദര്‍ശനം നല്‍കിയെന്നും തുടര്‍ന്ന് ശ്രീകോവില്‍ പണിഞ്ഞു ആ ചൈതന്യത്തെ കുടിയിരുത്തി എന്നും അതാണ് തെക്കനപ്പനെന്നുമാണ് ഭക്തരുടെ വിശ്വാസം. ഗണപതി,നാഗയക്ഷി,ബ്രഹ്മരക്ഷസ്സ്,നാഗം എന്നിങ്ങനെയുള്ള ഉപപ്രതിഷ്ഠകളുമുണ്ട്. ശില്പാലംകൃതമാണ് ശ്രീകോവിലിന്റെ മുഖമണ്ഡപവും ചുമരുകളും. പരശുരാമന്‍ സ്ഥാപിച്ച 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണിതെന്നും കരതപ്പെടുന്നു.