പനച്ചിക്കാട് ക്ഷേത്രം

പനച്ചിക്കാട്-ക്ഷേത്രം-കോട്ടയം   കേരളത്തിലെ കോട്ടയം ജില്ലാ തലസ്ഥാനത്തു നിന്നും 18 കിലോമീറ്റർ അകലെയാണ് പനച്ചിക്കാട് ക്ഷേത്രം. തെക്കിന്റെ മൂകാംബിക എന്ന് അർത്ഥം വരുന്ന ദക്ഷിണ മൂകാംബിക എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവിന്റേതാണെങ്കിലും, സരസ്വതീ ക്ഷേത്രമായാണ്‌ ഇത് അറിയപ്പെടുന്നത്. ഐതിഹ്യം പണ്ട് കൊല്ലൂർ മൂകാംബിക ദേവിയുടെ ഭക്തനായ ഒരു ബ്രാഹ്മണൻ ഇവിടെ ജീവിച്ചിരുന്നു. അദ്ദേഹം എല്ലാ വർഷവും കൊല്ലൂർ ക്ഷേത്രം സന്ദർശിക്കാറുണ്ടായിരുന്നു. പ്രായമായി അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചപ്പോൽ എല്ലാ വർഷവും ഇനി കൊല്ലൂർ മൂകാംബികാ ക്ഷേത്രം സന്ദർശിക്കുവാൻ സാധിക്കുകയില്ല എന്ന് അദ്ദേഹത്തിനു ബോധ്യമായി. അവസാനമായി കൊല്ലൂർ സന്ദർശിച്ച അദ്ദേഹം തിരിച്ചുവന്നപ്പോൾ അദ്ദേഹത്തിന്റെ ഓലക്കുടയുടെ മുകളിൽ കയറി മൂകാംബികാ ദേവി ഇവിടെ വന്ന് പനച്ചിക്കാട് ക്ഷേത്രം ഇന്നു നിൽക്കുന്ന സ്ഥലത്ത് കുടികൊണ്ടു എന്നാണ് വിശ്വാസം. ദക്ഷിണ മൂകാംബിക സരസ്വതീപൂജയ്ക്ക് പ്രശസ്തമാണ് ഈ ക്ഷേത്രം. അറിവിന്റെയും ജ്ഞാനത്തിന്റെയും കലകളുടെയും കരകൌശലത്തിന്റെയും ദേവിയാണ് സരസ്വതി. എല്ലാ ദിവസവും വിദ്യാരംഭം നടക്കുന്ന ക്ഷേത്രമാണിത്. വിഷ്ണു ക്ഷേത്രത്തിന് തെക്ക് മാറി താഴെയൊരു കുളത്തിന് അരികിലാണ് സരസ്വതീ ദേവി കുടിയിരിക്കുന്നത്.പതിവ് ക്ഷേത്ര സങ്കൽപ്പത്തിലുള്ള ശ്രീകോവിലോ സോപാനമോ ഒന്നും ഇവിടെയില്ല. കുളവും പച്ചപ്പ് മാറാത്ത വള്ളിപ്പടർപ്പുമാണ് ആകെയുള്ളത്. ഈ വള്ളിപ്പടർപ്പിനകത്താണ് വിദ്യാദേവതയും സർവ്വാഭീഷ്ട സധ്വികയുമായ സരസ്വതീ ദേവിയുടെ മൂലവിഗ്രഹം കുടികൊള്ളുന്നത്. ഈ വിഗ്രഹത്തിന് എതിരെ സ്ഥാപിച്ച പ്രതിവിഗ്രഹത്തിലാണ് പൂജകളും മറ്റ് കർമ്മങ്ങളും നടത്തുന്നത്. വള്ളിപ്പടർപ്പും അതിനുള്ളിൽ കാണുന്ന തെളിനീരുറവയും ദിവ്യമായി കണക്കാക്കപ്പെടുന്നു. മൂലവിഗ്രഹത്തെ പൊതിഞ്ഞു നിൽക്കുന്ന ഒരു വള്ളി മറ്റെവിടെയും കാണാത്ത സരസ്വതീ ലതയാണെന്നാണ് വിശ്വാസം. പ്രതിഷ്ഠ ഒരു കുഴിയുടെ ഉള്ളിൽ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നു. ഇതുകൊണ്ട് പ്രതിഷ്ഠയെ കാണാൻ കഴിയുകയില്ല. ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം സരസ്വതീപൂജയാണ്. മലയാള മാസം (കൊല്ലവർഷം) തുലാം മാസത്തിലാണ് സരസ്വതീപൂജ നടക്കുന്നത്. (സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലായി ആണ് ഈ മലയാള മാസം വരുന്നത്). ഒൻപതു ദിവസം നീണ്ടു നിൽക്കുന്ന നവരാത്രി ഉത്സവത്തിന് ധാരാളം ഭക്തജനങ്ങൾ ദേവിയെ തൊഴാൻ എത്തുന്നു. നവരാത്രിയുടെ അവസാന ദിവസമായ വിജയദശമി നാളിൽ കുട്ടികളെ എഴുത്തിനിരുത്തുന്ന വിദ്യാരംഭം ചടങ്ങ് നടക്കുന്നു. ഉത്സവത്തിന്റെ ഒൻപതു ദിവസവും ശാസ്ത്രീയ സംഗീത-നൃത്തങ്ങളുടെ ഒരു സാംസ്കാരിക മേളതന്നെ ക്ഷേത്രത്തിൽ നടക്കുന്നു. ദുർഗ്ഗാഷ്ടമി ദിവസം സരസ്വതീ സന്നിധാനത്തിൽ ഒരുക്കുന്ന രഥ മണ്ഡപത്തിൽ ഉൽക്കൃഷ്ടങ്ങളായ താളിയോല ഗ്രന്ഥങ്ങളും പുസ്തകങ്ങളും എഴുത്ത് സാമഗ്രികളും പൂജയ്ക്ക് വയ്ക്കാറുണ്ട്. പനച്ചിക്കാട്ടെ പ്രധാന വഴിപാടുകളിൽ ഒന്നാണ് സാരസ്വതം നെയ്യ്. ബുദ്ധിക്കും വിദ്യയ്ക്കും ഉണർവ് നൽകുന്ന ഈ ഔഷധം സാരസ്വത സൂക്തം വിധിയാം വണ്ണം ജപിച്ച് ശുദ്ധവും പൂർണ്ണവും ആക്കിയതാണ്. എത്താനുള്ള വഴി ചിങ്ങവനത്തു നിന്നും എം.സി. റോഡിലൂടെ 4 കിലോമീറ്റർ സഞ്ചരിച്ചാൽ പനച്ചിക്കാട് എത്താം. ഇരവിനല്ലൂർ നിന്നും ഉള്ള ദൂരം രണ്ടര കിലോമീറ്റർ ആണ്. Ref: haindhavam dot com