ഇന്ന് കർക്കിടകം ഒന്ന് – രാമായണമാസം ആരംഭം

ശ്രീരാമനെന്ന മര്യാദാപുരുഷോത്തമനായ രാജാവിന്റെ യാത്രകളാണ് രാമായണം. ലോകത്തിന് നല്ല ജീവിതത്തിലേക്ക്വഴികാട്ടുന്ന യാത്രകള്‍. ഇനി വരുന്ന ഒരുമാസക്കാലം രാമായണശീലുകള്‍ മുഖരിതമാകുന്ന ദിനങ്ങളുടെ വരവാണ്.
കര്‍ക്കിടക സന്ധ്യകളില്‍ ഉമ്മറത്ത് തെളിഞ്ഞുനില്‍ക്കുന്ന നിലവിളക്കിനു മുന്നിലിരുന്ന് മുത്തശ്ശിവായിക്കുന്ന രാമായണ വരികളിലൂടെ രാമന്റെയാത്രകള്‍ അറിയുന്നു. അന്ധകാരം നിറഞ്ഞ മനസ്സുകള്‍ക്കത് വെളിച്ചമാകുന്നു.
കര്‍ക്കടക രാവുകളും പകലുകളും രാമായണ മുഖരിതമാകുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായി കഴിഞ്ഞു. കര്‍ക്കടകമാസത്തെ വറുതിയുടെ കറുത്തകാലമെന്നാണ് സാധാരണ പറയാറ്. കര്‍ക്കിടകമഴ തിമിര്‍ത്തു പെയ്യുമ്പോള്‍ ജോലിചെയ്യാന്‍ കഴിയാത്തതിനാല്‍വീടുകള്‍ പട്ടിണിയാകുന്ന കാലമുണ്ടായിരുന്നു. ഇപ്പോള്‍ ആ സ്ഥിതി മാറിയെങ്കിലും കര്‍ക്കിടകത്തിന്റെ പേരുദോഷം ഇനിയും മാറിയിട്ടില്ല. പഞ്ഞ കര്‍ക്കടകത്തില്‍ രാമായണ ശീലുകള്‍ ചൊല്ലുകയും കേള്‍ക്കുകയും ചെയ്യുന്നത് സമൃദ്ധിയുടെ ചിങ്ങമാസത്തെ വരവേല്‍ക്കാനാണ്.
ഭാരതീയ സംസ്‌കാരത്തിന്റെ സിരകളിലൂടെ രാമായണമെന്ന ഇതിഹാസം കാലങ്ങളായി പ്രവഹിച്ചുകൊണ്ടിരിക്കുന്നു. ഒരു ജനതയുടെ സംസ്‌കാരത്തെയുംജീവിതത്തെയും കഥകളുടെയും കവിതകളുടെയും പട്ടുനൂലില്‍ കൊരുത്ത് ലോകത്തിനായി സമ്മാനിച്ചിരിക്കുകയാണ് രാമായണത്തില്‍. ഭാരത സംസ്‌കാരത്തിന്റെ മഹത്വത്തെ ലോകത്തിനു മുന്നില്‍ അനാവരണം ചെയ്യുകമാത്രമല്ല ഈ ഇതിഹാസത്തില്‍. ഒപ്പം, മറ്റുള്ളവര്‍ക്ക് വഴികാട്ടുകയും ചെയ്യുന്നു.
അച്ചടി സൗകര്യമില്ലാതിരുന്ന കാലത്ത് രാമകഥ പ്രചരിച്ചത് പറഞ്ഞുംപാടിയുമാണ്. വളരെ വിശാലമായ ഒരു ഭൂപ്രദേശത്തെ കോടിക്കണക്കിന് ജനങ്ങള്‍ക്ക് രാമകഥ പരിചിതമായത് അത്തരത്തില്‍ കേട്ടുംപാടിയുമാണ്. ഇന്ന് ഉസ്ബക്കിസ്ഥാന്‍മുതല്‍ ഫിലിപ്പീന്‍സ് വരെയും മൗറീഷ്യസ് മുതല്‍ വിയറ്റ്‌നാം വരെയുമുള്ള പതിനാലില്‍ പരം ഏഷ്യന്‍ രാജ്യങ്ങളില്‍ രാമായണമുണ്ട്. രാമന്റെ ജീവിതവും ജീവിതരീതിയും അവര്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങുന്നു.
രാമായണത്തോളം മഹത്തായ മറ്റൊരു കൃതി ലോകത്ത് മറ്റൊരിടത്തുമില്ല. മഹത്തായ സാഹിത്യവും പുണ്യഗ്രന്ഥവും എന്ന നിലയില്‍ രാമായണത്തെ വെല്ലാന്‍ മറ്റൊന്നും ഇല്ല. ഇനി ഉണ്ടാകില്ലെന്ന്നിശ്ചയമായും പറയാനും കഴിയും. രാമായണം വായിക്കുന്നതും കേള്‍ക്കുന്നതുംപുണ്യമാണ്. ഒരു സാഹിത്യകൃതി വായിക്കാനും കേള്‍ക്കാനും വ്രതം നോറ്റ് ഒരു മാസം ഒരു ജനത നീക്കിവയ്ക്കുന്നത് അപൂര്‍വ്വമാണ്. ആ അപൂര്‍വ്വതയും നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. അത്തരത്തിലൊന്ന് മറ്റെങ്ങുമുണ്ടാകില്ല.എല്ലവര്‍ക്കും ഹൃദയം നിറഞ്ഞ രാമായണമാസആശംസകള്‍.
Siva Prasad

11745338_613010945506049_3680207588206019095_n